എസ്എഫ്‌ഐ പ്രതിഷേധം ഫലം കണ്ടു;മൗണ്ട് സിയോണ്‍ ലോ കോളജ് പ്രിന്‍സിപ്പലിനെ മാറ്റി
എസ്എഫ്‌ഐയുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജ് പ്രിന്‍സിപ്പലിനെ മാറ്റി. പ്രിന്‍സിപ്പല്‍ കെ ജി രാജനെയാണ് മാറ്റിയത്. എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രിന്‍സിപ്പലിനെ ഉടന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നടപടി. കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികളെ മനപൂര്‍വം ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിച്ചെന്നും ചിലര്‍ക്ക് ക്ലാസില്‍ കയറിയാലും അറ്റന്‍ഡന്‍സ് നല്‍കുന്നില്ലെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെതിരെ സമരം ചെയ്തിരുന്നത്
പ്രിന്‍സിപ്പാലിനെതിരായ പരാതികള്‍ അക്കമിട്ട് നിരത്തി എസ്എഫ്‌ഐ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിന് പരാതി നല്‍കിയിരുന്നു. വിഷയം അന്വേഷിക്കുന്നതിനായി ഒരു കമ്മിഷനെ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിയോഗിച്ചിരുന്നു. ഇതിനിടെ ചില വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയേയും സമീപിക്കുന്ന സാഹചര്യമുണ്ടായി.
ആറ് വിദ്യാര്‍ത്ഥികള്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവരെ നശിപ്പിച്ച് മാത്രമേ താന്‍ പുറത്തുപോകൂ എന്നൊരു പ്രസ്താവന പ്രിന്‍സിപ്പലില്‍ നിന്നും പുറത്തുവന്നിരുന്നു. ഇത് കമ്മിഷന്‍ അംഗങ്ങള്‍ രേഖകളിലും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിനെ ഉടന്‍ മാറ്റണമെന്ന് സിന്‍ഡിക്കേറ്റ് നിര്‍ദേശിക്കുകയും കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് രാജി എഴുതി വാങ്ങുകയും ചെയ്തത്.