Kerala

‘കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി മനപൂര്‍വം വൈകിപ്പിക്കുന്നു’; സര്‍ക്കാരിനെതിരെ ആരോപണവുമായി ഹര്‍ഷിന

Spread the love

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നത് വൈകുന്നതില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഹര്‍ഷിന. കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വൈകുന്നതില്‍ ഹര്‍ഷിന പ്രതിഷേധം രേഖപ്പെടുത്തി. പ്രോസ്‌ക്യൂഷന്‍ അനുമതി നല്‍കുന്നത് സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുന്നുവെന്നാണ് ഹര്‍ഷിനയുടെ ആരോപണം.

അന്വേഷണ ഉദ്യോഗസ്ഥനായ എസിപി നല്‍കിയ റിപ്പോര്‍ട്ട് കമ്മിഷണര്‍ മടക്കി അയച്ചെന്നാണ് താന്‍ അറിഞ്ഞതെന്ന് ഹര്‍ഷിന പറയുന്നു. എട്ടോളം തിരുത്തലുകള്‍ ആവശ്യമാണെന്ന് അറിയിച്ചാണ് റിപ്പോര്‍ട്ട് മടക്കി അയച്ചത്. നടപടി വൈകിപ്പിക്കുന്നത് നീതി നിഷേധമാണെന്നും ദുരൂഹതയുണ്ടെന്നും ഹര്‍ഷിന ട്വന്റിഫോറിനോട് പറഞ്ഞു. സമരരംഗത്തേക്ക് വീണ്ടും ഇറങ്ങുന്നത് പരിഗണനയിലെന്നും ഹര്‍ഷിന പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

നീതി ലഭിക്കുമെന്ന് കരുതിയാണ് സമരം അവസാനിപ്പിച്ചത്. വീണ്ടും സമരത്തിനിറങ്ങാന്‍ മടിയില്ല. ഹര്‍ഷിന പറഞ്ഞു. നീതിയുടെ അടുത്തെത്തിയെന്ന് തോന്നിയപ്പോഴാണ് സമരം നിര്‍ത്തിയത്. വീണ്ടും ഇപ്പോള്‍ ഒരുമാസം കഴിഞ്ഞെന്നും ഹര്‍ഷിന പറഞ്ഞു. കേസില്‍ രണ്ട് ഡോക്ടേഴ്‌സിനെയും രണ്ട് നേഴ്‌സസിനെയും ആണ് പ്രതി ചേര്‍ത്തത്. ഇവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരെ വിചാരണ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി തേടുന്നതിന്റെ ഭാഗമായി എസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.