Kerala

പലസ്തീനില്‍ പാര്‍ട്ടി നിലപാടിനൊപ്പം; ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നു; കെ കെ ശൈലജ

Spread the love

ഹമാസ് പരാമർശത്തിൽ നിലപാട് ആവർത്തിച്ച് സിപിഐഎം നേതാവ് കെ കെ ശൈലജ. പലസ്തീനില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തന്‍റെയും നിലപാട്. എന്നാല്‍, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല.

ആ നിലക്കാണ് ഹമാസിനെ വിമര്‍ശിച്ചത്. ആ വിമര്‍ശനം ഇപ്പോഴുമുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിചേര്‍ത്തു.പലസ്തീന്‍ വിഷയത്തിലെ നിലപാട് പാര്‍ട്ടി നിലപാട് തന്നെയാണെന്നും എന്നാല്‍, ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

താന്‍ പലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ ഇന്നലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ വീണ്ടും മറുപടിയുമായി കെകെ ശൈലജ രംഗത്തെത്തിയത്.

ഹമാസ് യുദ്ധതടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു?. എന്നാല്‍, ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞദിവസം കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഫേയ്സ്ബുക്ക് പോസ്റ്റില്‍ ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നേരത്തെ തന്നെ ഇക്കാര്യത്തില്‍ കെ.കെ. ശൈലജ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.