Monday, November 18, 2024
Latest:
World

അവരത് ചെയ്യില്ല, ഇസ്രയേൽ ഗാസ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് ജോ ബൈഡൻ

Spread the love

ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം.

”ഞാന്‍ മനസ്സിലാക്കിയതു വച്ച് അതിനു പിന്നില്‍ നിങ്ങളല്ല, അത് അവരുടെ പണിയാണ്” – ബൈഡന്‍ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എങ്ങനെയാണ് സ്‌ഫോടമുണ്ടായതെന്ന് അറിയാത്ത ഒരുപാട് ആളുകള്‍ പുറത്തുണ്ടെന്ന് ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു.

അതേസമയം ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭംഗംങ്ങളെയും ബൈഡൻ കണ്ടു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പലസ്തീൻ പ്രസിഡന്റിനേയും കാണാൻ ബൈഡന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും, ആശുപത്രി ആക്രമണത്തോടെ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.

ജെറുസലേം കേന്ദ്രമായുള്ള ആംഗ്ലിക്കൻ ചർച്ചിന്റെ കീഴിൽ വർഷങ്ങളായി ഗാസയിൽ പ്രവർത്തിക്കുന്ന അൽ അഹ്‍ലി അറബ് ആശുപത്രിയാണ് ചൊവ്വാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടർന്ന് അറബ് ലോകത്ത് പ്രതിഷേധം കനക്കുകയാണ്. ആശുപത്രിയിൽ ഇസ്രയേൽ ബോംബിടുകയായിരുന്നുവെന്ന് പലസ്തീൻ ആരോപിക്കുന്നു.

എന്നാൽ എന്നാൽ ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് ഇസ്രയേൽ വാദം. ഗാസയിലെ സായുധസംഘമായ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ വീണതാണെന്ന് ഇസ്രയേൽ വാദം. ഇത് തെളിയിക്കാൻ ആ സമയത്ത് ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം നടന്നിരുന്നുവെന്നതിന്റെ ചില വിഡിയോ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടു.