Kerala

‘പതിവായി സിനിമകൾ തഴയുന്നു; ഇനി ചലച്ചിത്ര മേളയിലേക്ക് എന്റെ സിനിമകൾ നൽകില്ല’: ഡോ.ബിജു

Spread the love

കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക്(ഐഎഫ്എഫ്കെ) ഇനി മുതൽ തന്റെ സിനിമകൾ നൽകില്ലെന്ന് സംവിധായകൻ ഡോ.ബിജു. ‘കേരളീയ’ത്തിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘‘വീട്ടിലേക്കുള്ള വഴി’ എന്ന തന്റെ ചിത്രം അദ്ദേഹം പിൻവലിച്ചു. തുടർച്ചയായി ചലച്ചിത്ര അക്കാദമി തന്റെ സിനിമകളെ അവഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു കുറിപ്പ് പങ്കുവച്ചത്.

ബിജുവിന്റെ ‘അദൃശ്യ ജാലകങ്ങൾ’ എന്ന ചിത്രം ഐഎഫ്എഫ്കെയുടെ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് പോലും തെരഞ്ഞെടുത്തിരുന്നില്ല. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാർഡിനും ഇനി മുതൽ തന്റെ സിനിമ മത്സരിക്കില്ലെന്നും മറ്റ് അവാർഡുകൾക്ക് വേണ്ടി മാത്രമേ ചിത്രം സമർപ്പിക്കുകയുള്ളൂ എന്നും ഡോ.ബിജു അറിയിച്ചു.

താൻ ലോക സിനിമ കണ്ടതും പഠിച്ചതും ഐഎഫ്എഫ്കെയിലൂടെ ആണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം ദുഃഖകരവും ആണ്.ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലും തന്റെ സിനിമ പ്രദർശിപ്പിക്കാൻ താത്പര്യം ഇല്ല. കേരളീയം’ ചലച്ചിത്ര മേളയിലെ ക്ലാസിക് വിഭാഗത്തിലേക്കു തിരഞ്ഞെടുത്ത‘വീട്ടിലേക്കുള്ള വഴി’ പ്രദർശിപ്പിക്കേണ്ടതില്ല എന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമ അവാർഡിന് സമർപ്പിക്കും.ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തില്ലെങ്കിൽ തന്റെ ആത്മാഭിമാനം ഇല്ലാതാകുമെന്നും ഡോ.ബിജു ചൂണ്ടിക്കാട്ടി.