മൈതാനങ്ങളൊരുങ്ങി; സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷനും ദീപശിഖാപ്രയാണവുമാണ് ഇന്ന് നടക്കുക.
മത്സരങ്ങള്‍ നാളെ രാവിലെയാകും തുടങ്ങുക. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുക. രാത്രിയും പകലുമായി നാല് ദിവസങ്ങളിലായാണ് മത്സരങ്ങള്‍.
തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഇന്ന് രാവിലെ എട്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്‍. ബിന്ദു ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ദീപശിഖ കൈമാറും. മേയര്‍ എം.കെ. വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് കുന്നംകുളത്ത് ദീപശിഖ പ്രയാണം സമാപിക്കും.
നാളെ രാവിലെ ഏഴിന് മത്സരങ്ങള്‍ക്ക് ആരംഭം കുറിക്കും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് വൈകീട്ട് മൂന്നരയ്ക്ക് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്, ദീപശിഖ തെളിയിക്കല്‍ എന്നിവയുമുണ്ടാകും.