എൻ.വി വൈശാഖനെ മാറ്റി, വി.പി ശരത്ത് പ്രസാദ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി
കഴിഞ്ഞ ഓഗസ്റ്റിലാണ് വനിതാ നേതാവിന്റെ പരാതിയിൽ ജില്ലാ കമ്മിറ്റിയുടെ ചുമതലയിൽ നിന്ന് വൈശാഖനെ മാറ്റിയത്. നിർബന്ധിത അവധിയെടുത്ത് അദ്ദേഹം ചികിത്സയിൽ പോവുകയായിരുന്നു. തൊട്ട് പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. അവധിയിൽ പോയ സമയത്ത് ശരത്തിന് തന്നെയായിരുന്നു താൽക്കാലിക ചുമതല നൽകിയിരുന്നത്. വൈശാഖൻ ഡിവൈഎഫ്ഐയുടെ എല്ലാ ഘടകങ്ങളിൽ നിന്നും ഒഴിവായിരിക്കുകയാണ്.
തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണവും വൈശാഖനെതിരെ അടുത്തിടെ ഉയർന്നിരുന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന്‍ പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്. പരാതിക്കാരന്‍ അജിത് കൊടകരയ്ക്കാണ് അദ്ദേഹം പണം വാഗ്ദാനം ചെയ്തത്. തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താന്‍ ഇടനില നിന്നിട്ടില്ലെന്നും വൈശാഖന്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്.