Kerala

സ്വപ്‌നം തീരമണഞ്ഞു; വിഴിഞ്ഞത്ത് ആദ്യ കപ്പല്‍; കേരളത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി

Spread the love

വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില രാജ്യാന്തര ലോബികള്‍ വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിന്നുവെന്നും മുഖ്യമന്ത്രി പ്രസംഗവേളയില്‍ പറഞ്ഞു. തടസങ്ങള്‍ പലതുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. അപൂര്‍വതകളില്‍ അപൂര്‍വമായ സവിശേഷതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ജനങ്ങള്‍ വലിയ തോതില്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രതിസന്ധിയേയും ഐക്യത്തോടെയും കൂട്ടായ്മയോടെയും മറികടക്കുമെന്ന് നമ്മള്‍ തെളിയിച്ചു. വികസിത കേരളമാണ് എല്ലാവരുടേയും ആഗ്രഹം. കേരളത്തിന്റെ വികസനക്കുതിപ്പിന് വിഴിഞ്ഞം കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരും വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളാിയുരുന്നു പരിപാടിയിലെ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി മുരളീധരനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിഴിഞ്ഞം ഇടവക പ്രതിനിധികള്‍ ചടങ്ങിലുണ്ടായിരുന്നെങ്കിലും ലത്തീന്‍ സഭാ നേതൃത്വം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.