‘ലീഗ് – സമസ്ത പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും; എന്താണ് സംഭവിച്ചത് എന്ന് ചർച്ച ചെയ്യും’; ഇടി മുഹമ്മദ് ബഷീർ
മുസ്ലീം ലീഗ് – സമസ്ത പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി. ആശയ വിനിമയത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളാണ് നിലനിൽക്കുന്നതെന്നും എന്താണ് സംഭവിച്ചത് എന്ന് ചർച്ച ചെയ്യുമെന്നും ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. പത്രമാധ്യമങ്ങളിൽ കാണുന്ന പോലെയുള്ള തർക്കങ്ങൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉമർ ഫൈസി മുക്കത്തിന്റെ വിമർശനങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അസ്വാരസ്യങ്ങൾ ഇല്ലാതെ സൗഹാർദപരമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ മുൻകൈ എടുത്ത് സമവായം ഉണ്ടാക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
അതേസമയം സമസ്ത -മുസ്ലിം ലീഗ് തർക്കത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന് മുസ്ലിം ലീഗ് തീരുമാനിച്ചിരുന്നു. മലപ്പുറത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ധാരണയായത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണത്തോടെ ഉടലെടുത്ത സമസ്ത-ലീഗ് തർക്കത്തിൽ കൂടുതൽ പ്രതികരിക്കേണ്ടന്നാണ് യോഗ തീരുമാനം. കൂടുതൽ പ്രതികരണങ്ങൾ ഇരു വിഭാഗവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ധാരണ.