കരുവന്നൂര്‍ തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമികളുടേത് ഉള്‍പ്പെടെ 57.75 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി താത്ക്കാലികമായാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
ബിനാമികളുടേത് ഉള്‍പ്പെടെ 177 സ്ഥാവര സ്വത്തുവകകളും പതിനൊന്ന് വാഹനങ്ങളും സ്ഥിരനിക്ഷേപങ്ങളും അന്വേഷണ സംഘം കണ്ടുകെട്ടി. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും അടങ്ങുന്നതാണ് സ്വത്തുക്കള്‍. 92 ബാങ്ക് അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലന്‍സുകളും ഇ ഡി കണ്ടുകെട്ടി. കരുവന്നൂര്‍ കേസില്‍ ഇതുവരെ 87.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി ആകെ കണ്ടുകെട്ടിയത്.
കേസില്‍ സഹകരണ റജിസ്ട്രാര്‍ ടി വി സുഭാഷ് ഐ എ എസിന്റെ മൊഴിയും ഇ.ഡി. രേഖപ്പെടുത്തി. രണ്ടാം പ്രതി വി പി കിരണിന്റെ ബിസിനസ് പങ്കാളിയായ കൊച്ചിയിലെ വ്യവസായി വിവേക് സത്യപാലനും ഇഡിക്ക് മുന്നില്‍ ഹാജരായി. മാവേലിക്കര സഹകരണ ബാങ്ക് തഴക്കര ബ്രാഞ്ചിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മുന്‍ പ്രസിഡന്റും ഭരണസമിതി അംഗവുമായ കുര്യന്‍ പള്ളത്തിനെയും ഇഡി ചോദ്യം ചെയ്തു. സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ അര്‍ബന്‍ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗവും കൊച്ചിയില്‍ ചേര്‍ന്നു.