National

യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിര്: പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

ദില്ലി: യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മാനവരാശിയുടെ പുരോഗതിക്ക് എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. നേരത്തെ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് ഒപ്പമാണ് രാജ്യം എന്ന നിലപാടെടുത്തിരുന്നു.

അതേസമയം, പലസ്തീനെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും എന്നാൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയാണെന്നും വിദേശകാര്യ മന്ത്രാലയം ഇന്നലെ വാർത്തസമ്മേള്ളനത്തിൽ വ്യക്തമാക്കി. ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപ്പറേഷൻ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി ഷീജയുമായി സമ്പര്‍ക്കത്തിലാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇന്നലെ ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ട് ഇന്ന് രാവിലെ ഇന്ത്യക്കാരുമായി തിരികെ എത്തി.മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ആദ്യ വിമാനത്തിൽ 7 മലയാളികളുൾപ്പടെ 230 ആളുകൾ ഉണ്ടായിരുന്നു