‘അവർ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം സ്വരാജ്
ഗാസ- ഇസ്രയേൽ തുടരുന്ന അക്രമത്തിൽ പലസ്തീൻ ജനതയ്ക്ക് ഐകദാർഢ്യവുമായി എം സ്വരാജ്.’അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്…’ -എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.
പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്.
കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോൾ നിശബ്ദരായിരുന്നവരാണ്. അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളർന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാൻ അറച്ചുനിന്ന മനുഷ്യ സ്നേഹികളിൽ നിന്നും ആര്യം നീതി പ്രതീക്ഷിക്കുന്നില്ല. ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണെന്ന് സ്വരാജ് കുറിച്ചു.