World

‘ഇസ്രയേലിൻ്റെ തിരിച്ചടി പശ്ചിമേഷ്യയെ മാറ്റും, തിരിച്ചടി അതിഭീകരമായിരിക്കും’: നെതന്യാഹു

Spread the love

ടെൽഅവീവ്: പലസ്തീനുള്ള ഇസ്രയേലിൻ്റെ തിരിച്ചടി പശ്ചിമേഷ്യയെ മാറ്റുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘ഇസ്രയേലിൻ്റെ തിരിച്ചടി പശ്ചിമേഷ്യയെ മാറ്റും. ഹമാസിന് നൽകാൻ പോകുന്ന തിരിച്ചടി അതിഭീകരം ആയിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. നേരത്തെ, ഇസ്രായേൽ- പലസ്തീൻ യുദ്ധം തുടങ്ങി വച്ചത് ഹമാസ് ആണെന്നും ബന്ദികളാക്കിയ പൗരൻമാരെ മോചിപ്പിക്കാതെ ചർച്ചയില്ലെന്നും ദക്ഷിണേന്ത്യയിലെ ഇസ്രായേലി കോൺസുൽ ജനറൽ ടാമി ബെൻഹെയിം പറഞ്ഞിരുന്നു.

ബന്ദികളാക്കിയ എല്ലാ പൗരൻമാരും സുരക്ഷിതരെന്ന് ഉറപ്പ് വരുത്താതെ ഇസ്രായേൽ ഒരു ചർച്ചയ്ക്കുമില്ല. നിലവിൽ ഇന്ത്യൻ പൗരന്മാർക്ക്‌ ആർക്കും ഗുരുതരമായ രീതിയിൽ പരിക്കേറ്റതായി ഇസ്രായേലി എംബസിക്ക് വിവരം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദിയെന്നും ഇസ്രായേലി കോൺസുൽ ജനറൽ ടാമി ബെൻഹെയിം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു.

തെക്കൻ ഇസ്രായേലിൽ നിന്ന് ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചേക്കും. മധ്യ ഇസ്രായേലിൽ ഇപ്പോൾ റെഡ് അലർട്ട് ആണ്. മധ്യ ഇസ്രായേൽ മേഖലകളിൽ റോക്കറ്റാക്രമണം നടക്കുന്നു. ഇസ്രായേലിൽ ഹമാസ് അക്രമവും ഭീകരതയും വിതയ്ക്കുകയാണ്. അവധിദിവസം പ്രാർത്ഥനയ്ക്ക് പോകുന്നവരെയും നോവ സംഗീതോത്സവത്തിൽ പങ്കെടുത്തവരെയും ഹമാസ് കൂട്ടക്കുരുതി നടത്തി. നിരവധി പേരെ ബന്ദികളാക്കിയിരിക്കുകയാണ്. ഇസ്രായേലിൽ മരണസംഖ്യ 700 കടന്നു. 3000 പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്. 300 പേരുടെ നില ഗുരുതരമാണ്. നിരവധി സ്ത്രീകളെയും കുട്ടികളെയും ആണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. തെക്കൻ ഇസ്രായേലിലെ എല്ലാ മേഖലകളിലും ഇസ്രായേലി പ്രതിരോധസേന നിയന്ത്രണം വീണ്ടെടുത്തു. എന്നാൽ അത്‌ കൊണ്ട് ഭീഷണി ഒഴിഞ്ഞു എന്നർത്ഥമില്ല. തീവ്രവാദികൾ നുഴഞ്ഞുകയറിയ തുരങ്കങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനിയും തീവ്രവാദികൾ പല ഗ്രാമങ്ങളിലും ഒളിച്ചിരിക്കുന്നുണ്ടാവാം. പല തുരങ്കങ്ങളും ഇസ്രായേലി സേന തകർത്തിട്ടുണ്ടെന്നും ടാമി ബെൻഹെയിം പറയുന്നു.

അതിനിടെ, ഇസ്രായേലിൽ ഹമാസ് ആക്രമണം അഴിച്ച് വിട്ടതിന് പിന്നാലെ ഇസ്രായേല്‍ വിപണി വലിയ തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ഹമാസ് സായുധ സംഘം നൂറുകണക്കിന് ഇസ്രായേലികളെ കൊല്ലുകയും മറ്റുള്ളവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ട് പോയെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇസ്രായേല്‍ വിപണി ഇതുവരെയില്ലാത്ത തകര്‍ച്ച നേരിട്ടത്. ഇസ്രായേലി സ്റ്റോക്കുകളുടെയും ബോണ്ടുകളുടെയും വില കുത്തനെ ഇടിഞ്ഞു. കീ ടെൽ അവീവ് ഓഹരി സൂചികകൾ (.TA125), (.TA35) ഏകദേശം 7 ശതമാനം താഴ്ന്നപ്പോള്‍ 2.2 ബില്യൺ ഷെക്കലുകളുടെ ($573 ദശലക്ഷം) വിറ്റുവരവിൽ ബാങ്കിംഗ് ഓഹരികളിൽ (.TELBANK5) 9 ശതമാനം ഇടിവ് രേഖപ്പെടുത്തി. പതിറ്റാണ്ടുകള്‍ക്കിടെയുണ്ടായ അതിരൂക്ഷമായ ആക്രമണത്തില്‍ സർക്കാർ ബോണ്ടുകളുടെ വില വിപണിയുടെ പ്രാരംഭ പ്രതികരണത്തിൽ 3 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.