Thursday, March 12, 2026
Latest:
National

കോൺഗ്രസിൻ്റെ വമ്പൻ തിരിച്ചുവരവോ! തെലങ്കാനയിലടക്കം അധികാരത്തിലേറും, ബിജെപിക്ക് നിരാശ; എബിപി-സി വോട്ടർ സർവെ ഫലം

Spread the love

ദില്ലി: 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ അഭിപ്രായ സർവെ ഫലങ്ങളും പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിൽ പോരാട്ടം കടുക്കുമെങ്കിലും കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എ ബി പി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ തെലങ്കാന സംസ്ഥാന രൂപീകരണത്തിന്‍റെ നേട്ടം അന്ന് സ്വന്തമാക്കാനാകാതെ പോയതിന്‍റെ ക്ഷീണം കോൺഗ്രസിന് ഇക്കുറി തീർക്കാം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബി ആർ എസിന് 43 മുതൽ 55 വരെ സീറ്റിലേക്ക് ഒതുങ്ങേണ്ടിവരും. വലിയ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങുന്ന ബി ജെ പിക്ക് നിരാശയാകും ഫലമെന്നും എ ബി പി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നു. തെലങ്കാനയിൽ ബി ജെ പിക്ക് 5 മുതൽ 11 സീറ്റുകൾ വരെയാകും നേടാൻ സാധിക്കുക.