ഐവിഎഫ് ചികിത്സയ്‍ക്കിടെ നൽകിയത് ഗർഭച്ഛിദ്രത്തിനുള്ള മരുന്ന്, തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കൊന്നു എന്ന് യുവതി
ഐവിഎഫ് ചികിത്സ തേടുകയും അതിന്റെ ഫലമായി അമ്മയായി മാറുകയും ചെയ്യുന്ന അനേകം സ്ത്രീകളുണ്ട്. അതിൽ ഒരാളായിരുന്നു ലാസ് വെഗാസിൽ നിന്നുമുള്ള ടിമിക തോമസ്. എന്നാൽ, അവർക്ക് ഒരു ഫാർമസിയുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധ കാരണം തന്റെ വയറ്റിൽ വച്ച് തന്നെ ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ടു.
ഫലോപ്യൻ കുഴലുകൾ നീക്കം ചെയ്തതിന് ശേഷമാണ് ടിമികയും ഭർത്താവും ഐവിഎഫ് തിരഞ്ഞെടുക്കുന്നത്. രണ്ട് ഭ്രൂണങ്ങളാണ് ഇതിന് വേണ്ടി നിക്ഷേപിച്ചത്. ചികിത്സയുടെ ഭാഗമായി അവർ സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങുകയായിരുന്നു. എന്നാൽ, ഇത് കഴിച്ചതിന് പിന്നാലെ ഇവർക്ക് വയറ്റിൽ വേദന അനുഭവപ്പെടാൻ തുടങ്ങി.
“സാധാരണയായി മരുന്ന് കഴിച്ചാൽ ചെറിയ വേദനയുണ്ടാകാറുണ്ടായിരുന്നു. എന്നാൽ, ഇത് അതുപോലെ ഒന്നായിരുന്നില്ല. കടുത്ത വേദന തന്നെ അനുഭവപ്പെട്ട് തുടങ്ങി. ആ വേദന എല്ലാത്തിനേക്കാളും അപ്പുറമായിരുന്നു. വേദനയുടെ അങ്ങേയറ്റം“ എന്നാണ് ടിമിക അതേ കുറിച്ച് പറയുന്നത്. വേദന അനുഭവപ്പെടുന്നതിന് മുമ്പായി അവൾ രണ്ട് ഡോസാണ് എടുത്തിരുന്നത്. വേദന സഹിക്കാൻ പറ്റാതെയായപ്പോൾ അവൾ ഫാർമസിയിൽ നിന്നും മരുന്ന് തന്ന കുപ്പി പരിശോധിച്ചു. ആദ്യം തന്നെ അതിൽ കണ്ടത്, ഇത് ഗർഭച്ഛിദ്രത്തിന് വേണ്ടിയുള്ള മരുന്നാണ് എന്നാണ്. “എന്റെ രണ്ട് കുഞ്ഞുങ്ങളെയും അവർ കൊന്നു…“ എന്നാണ് ടിമിക മാധ്യമങ്ങളോട് വേദനയോടെ പ്രതികരിച്ചത്.
പിന്നാലെ, സിവിഎസ് എന്ന ഫാർമസിക്കെതിരായി ടിമിക പരാതി നൽകി. അന്വേഷണത്തിൽ തെളിഞ്ഞത് നിരവധി കാര്യത്തിൽ ഫാർമസിയുടെ ഭാഗത്ത് നിന്നും തെറ്റുണ്ടായി എന്നാണ്. ആദ്യം തന്നെ ഡോക്ടർ എഴുതിയത് ശ്രദ്ധിക്കാതെ മരുന്ന് എടുത്ത് നൽകുകയായിരുന്നു ഫാർമസി ജീവനക്കാർ. മാത്രമല്ല, മരുന്നിനെ കുറിച്ച് ടിമികയുമായി ഒന്നും തന്നെ സംസാരിക്കാതെയാണ് അവരത് നൽകിയത്.
ഫാർമസി പിന്നീട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, തനിക്ക് സംഭവിച്ച വേദനയ്ക്കും നഷ്ടത്തിനും ഒരു സോറി മാത്രമാണ് കിട്ടിയത്, അത് മതിയോ എന്നാണ് ടിമികയുടെ ചോദ്യം.