Tuesday, November 5, 2024
National

മധ്യപ്രദേശ് കോൺഗ്രസിന് തിരിച്ചടി; സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു

Spread the love

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശ് കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർള ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന പ്രസിഡന്റ് വി.ഡി ശർമ്മ എന്നിവരുടെ സാന്നിധ്യത്തിൽ ഭോപ്പാലിലെ സംസ്ഥാന ഓഫീസിൽ വച്ചാണ് സച്ചിൻ ബിജെപി അംഗത്വം സ്വീകരിച്ചത്.

ഖാർഗോൺ ജില്ലയിലെ ബർവ അസംബ്ലിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് സച്ചിൻ ബിർള. 2021 ഒക്ടോബറിൽ സച്ചിൻ കൂറുമാറിയെങ്കിലും, സ്വയം നിയമസഭാംഗത്വം രാജിവയ്ക്കാനോ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസോ തയ്യാറായില്ല. സച്ചിൻ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന ചർച്ചകൾക്കിടെയാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.

രണ്ട് വർഷമായി താൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് സച്ചിൻ ബിർള പറഞ്ഞു. ഇന്ന് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ടിക്കറ്റ് നൽകണോ വേണ്ടയോ എന്നത് പാർട്ടിയുടെ തീരുമാനമാണെന്ന് ബിർള പ്രതികരിച്ചു. ഭാവിയിൽ പാർട്ടി തരുന്ന ഏത് ഉത്തരവാദിത്തവും ജോലിയും താൻ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുർജാർ വോട്ടർമാരുടെയും മറ്റ് പിന്നാക്ക സമുദായങ്ങളുടെയും പിന്തുണ മൂലമാണ് ബിർള ബർവാഹ സീറ്റിൽ വിജയിച്ചത്. ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി ഹിതേന്ദ്ര സിംഗ് സോളങ്കിയെയാണ് അദ്ദേഹം അന്ന് പരാജയപ്പെടുത്തിയത്. 30,000-ത്തിലധികം വോട്ടുകൾക്കായിരുന്നു ജയം.