World

അമേരിക്കയുടെ ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തുവിട്ടു; ട്രംപിനെതിരെ വീണ്ടും ആരോപണം

Spread the love

അമേരിക്കയിലെ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ആരോപണം. അമേരിക്കയിലെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള ചില സെന്‍സിറ്റീവ് വിവരങ്ങള്‍ ട്രംപ് പുറത്താക്കിയെന്നാണ് ആരോപണം. യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് ട്രംപ് പുറത്തുവിട്ടത്.

യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിന് വഹിക്കാന്‍ കഴിയുന്ന ആണവ പോര്‍മുനകളുടെ എണ്ണം, റഷ്യയുടെ കണ്ണില്‍പ്പെടാതെ ഇവയ്ക്ക് സഞ്ചരിക്കാനാകുന്ന ദൂരം മുതലായ സുപ്രധാന രാജ്യരഹസ്യങ്ങള്‍ ട്രംപ് പുറത്തുവിട്ടെന്നാണ് ആരോപണം. ട്രംപ് വഴി ഈ വിവരം ഓസ്‌ട്രേലിയന്‍ ശതകോടീശ്വരന്‍ ആന്റണി പ്രാറ്റിന് ലഭിച്ചെന്നും ഇത് ഇവരുടെ ചില സുഹൃത്തുക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്നും എബിസി ന്യൂസും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണവായുധങ്ങളുടെ കോണ്‍ഫിഗറേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ അമേരിക്ക അതീവ രഹസ്യമായി സൂക്ഷിച്ചുവരുന്നവയാണ്. സര്‍ക്കാരുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഇത്തരം രഹസ്യങ്ങള്‍ അറിയാവുന്നത്. 2021 ഏപ്രിലില്‍ പാം ബീച്ചിലെ ഗോള്‍ഫ് ക്ലബ്ബില്‍ നടന്ന സംഭാഷണത്തിനിടെയാണ് ട്രംപ് ഈ വിവരങ്ങള്‍ ആന്റണി പ്രാറ്റിനോട് പറയുന്നത്. രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ട്രംപിനെതിരെ ഈ വര്‍ഷം കുറ്റം ചുമത്തിയ പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്തിന്റെ ഓഫീസില്‍ നിന്നാണ് ഇപ്പോള്‍ ഈ വിവരം പുറത്തെത്തിയിരിക്കുന്നത്.