Sports

ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ ഞങ്ങൾക്ക് ചില പ്ലാനുകളുണ്ട്: വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്

Spread the love

ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ തങ്ങൾക്ക് ചില പ്ലാനുകളുണ്ടെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. നെറ്റ്സിൽ ബാറ്റർമാർ ഒരുപാട് സ്പിൻ കളിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരുപാട് കളിച്ചിട്ടുള്ളതുകൊണ്ട് തന്നെ ഇന്ത്യൻ ബൗളർമാരുടെ രീതികൾ അറിയാമെന്നും കമ്മിൻസ് പറഞ്ഞതായി ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു.

“ഓസ്ട്രേലിയ നെറ്റ്സിൽ ഒരുപാട് സ്പിൻ കളിക്കുന്നുണ്ട്. ഞങ്ങളുടെ ബാറ്റർമാർ ഇന്ത്യയിൽ ഒരുപാട് മത്സരം കളിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് ഇന്ത്യൻ ബൗളർമാരെ അറിയാം. അത് നേരിടാൻ ചില പ്ലാനുകളുമുണ്ട്. ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. മൂന്നാം ഏകദിനത്തിൽ ഞങ്ങൾ വിജയിച്ചിരുന്നു. ഇന്ത്യക്കെതിരെ ഏകദിനത്തിൽ നല്ല റെക്കോർഡും ഞങ്ങൾക്കുണ്ട്.” – കമ്മിൻസ് പറഞ്ഞു.

അതേസമയം, ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്കായി ഇഷാൻ കിഷൻ ഓപ്പൺ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. പനി ബാധിച്ച ശുഭ്മൻ ഗിൽ ഒസ്ട്രേലിയക്കെതിരെ കളിക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ കിഷൻ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. അതുകൊണ്ട് തന്നെ സൂര്യകുമാർ യാദവ് മധ്യനിരയിൽ കളിക്കാനും സാധ്യതയുണ്ട്.

ഡെങ്കിപ്പനി ബാധിച്ച ഗിൽ ആദ്യ കളി കളിക്കില്ലെന്ന് തന്നെയാണ് ഇന്ത്യൻ ടീമിനോടടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ചെന്നൈയിൽ നടത്തിയ പരിശോധനയിൽ ഗില്ലിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു എന്നാണ് വിവരം. ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ എട്ടാം തീയതി നടക്കുന്ന ആദ്യ മത്സരത്തിലും 11ന് ന്യൂഡൽഹിയിൽ അഫ്ഗാനിസ്താനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിലും താരം കളിച്ചേക്കില്ല.

സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങുമെന്നും സൂചനയുണ്ട്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ ഓസീസിനെതിരെ ഇറങ്ങും. ബുംറയും സിറാജുമാവും പേസർമാർ.