ബിൽക്കിസ് ബാനോ കേസ്: പ്രതികളുടെ മോചനത്തിനെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
2002 ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളിൽ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹർജികളിൽ ഒക്ടോബർ 9 ന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച അറിയിച്ചു.
ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ബിൽക്കിസ് ബാനോ ഉൾപ്പെടെയുള്ള ഹരജിക്കാരുടെ അഭിഭാഷകനോട് രേഖാമൂലമുള്ള എതിർവാദങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഒക്‌ടോബർ 9-ന് ഉച്ചയ്ക്ക് 2 മണിക്ക് ഹർജികളിൽ വാദം കേൾക്കും. സെപ്തംബർ 20 ന് കേസ് പരിഗണിക്കവേ, ശിക്ഷയിൽ ഇളവ് തേടാൻ കുറ്റവാളികൾക്ക് മൗലികാവകാശമുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.
സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾ മോചിതരായത്. 2008ലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. തുടർന്ന് പ്രതികളിലൊരാളായ രാധേശ്യാം ഷാ താൻ 15 വർഷവും നാല് മാസവും ജയിലിൽ കഴിഞ്ഞുവെന്നും മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു. രാധേശ്യാമിന്റെ വിഷയം പരിശോധിക്കാൻ കോടതി ഗുജറാത്ത് സർക്കാറിന് നിർദേശം നൽകി. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് സർക്കാർ മുഴുവൻ പ്രതികളേയും മോചിപ്പിക്കുകയായിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്.