ഏഷ്യൻ ഗെയിംസ്; പുരുഷ ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യ
19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. പുരുഷ ഹോക്കിയിൽ ഫൈനലിൽ ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യതയും ഇന്ത്യ നേടി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 22-ാം സ്വർണമാണിത്. ഇന്ത്യയ്ക്കായി ഹർമൻപ്രീത് രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ മൻപ്രീത് സിങ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവർ ഓരോഗോൾ വീതം നേടി.
ചൈനയിൽ ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചുകഴിഞ്ഞു. നിലവിൽ 22 സ്വർണം, 34 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 93 മെഡലുകൾ ഇന്ത്യ നേടിക്കഴിഞ്ഞു. അമ്പെയ്ത്തിൽ മൂന്ന് മെഡലുകളും കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിന്റൻ, ക്രിക്കറ്റ്, എന്നിവയിൽ ഓരോ മെഡലുകൾ ഇന്ത്യയ്ക്ക് ഉറപ്പാണ്.
ഹാങ്ചോയിൽ 100 മെഡലുകൾ എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത് ജക്കാർത്ത ഗെയിംസിൽ 70 മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.