കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി എം കെ കണ്ണൻ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് മുന്നിൽ രേഖകൾ ഹാജരാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണൻ. കൊച്ചിയിലെ ഓഫീസിൽ പ്രതിനിധികൾ വഴിയാണ് രേഖകൾ എത്തിച്ചത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ഇഡി എംകെ കണ്ണനോട് നിർദ്ദേശിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും ഇഡിക്ക് മുന്നിൽ ഹാജരായി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡൻ്റുമായ എംകെ കണ്ണന് നേരത്തെ രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിന് എത്തിയപ്പോഴും സ്വത്ത് വിവരങ്ങൾ ഹാജരാക്കിരുന്നില്ല. ഇതേ തുടർന്നാണ് സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ഹാജരാക്കണമെന്ന് ഇഡി നിർദ്ദേശിച്ചത്. ഒക്ടോബർ അഞ്ചിനുള്ളിൽ രേഖകൾ നൽകാനായിരുന്നു നിർദ്ദേശം.
ഇഡി നൽകിയ സമയപരിധി അവസാനിക്കുന്നതിനിടയാണ് പ്രതിനിധികൾ വഴി കൊച്ചിയിലെ ഓഫീസിൽ എംകെ കണ്ണൻ രേഖകൾ എത്തിച്ചത്. ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കും അതിനുശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. എംകെ കണ്ണനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡി യുടെ നീക്കമുണ്ട്. കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറി ടിആർ രാജനും ഇഡിക്ക് മുന്നിൽ ഹാജരായി.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം കെ കണ്ണൻ ഇ ഡിക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ല
കേസിലെ പ്രതികൾക്ക് പെരിങ്ങണ്ടൂർ ബാങ്കിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പ്രതിനിധികളെ വിളിച്ചു വരുത്തിയത്. കരുവന്നൂർ ബാങ്ക് ചാർട്ട് അക്കൗണ്ടൻറ് എംവി മനോജ്, പി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത് ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയ സനിൽകുമാർ എന്നിവരും ഇഡിക്ക് മുന്നിൽ ഹാജരായി. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തിനെയും ഇഡി ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്.
ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്തി സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൈമാറാനാണ് ഇ.ഡി നിർദേശം. നേരത്തെ രണ്ടുതവണ നിർദേശം നൽകിയെങ്കിലും സ്വത്തുവിവരങ്ങൾ നൽകിയിരുന്നില്ല.പുതിയ സാഹചര്യത്തിൽ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ കർശന നടപടിയിലേക്ക് ഇഡി നീങ്ങുമെന്നാണ് സൂചന.