’36 കോടിയുടെ തട്ടിപ്പ്’; കോണ്‍ഗ്രസ് ഭരണത്തിലുള്ള ഇടുക്കിയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ വൻ അഴിമതി ആരോപണം
കോൺഗ്രസ് നേതൃത്വം നൽകുന്ന ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ വൻ അഴിമതി ആരോപണം. ഭരണസമിതിയും ജീവനക്കാരും ചേർന്ന് 36 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു.
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതോടെ സമരത്തിലേക്ക് നീങ്ങുകയാണ് നിക്ഷേപകർ. ക്രമക്കേടിനെ തുടർന്ന് മുൻ ബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ഒളിവിലാണ്.
വിവാഹാവശ്യത്തിനടക്കം നിക്ഷേപിച്ചിട്ടും പണം ലഭിക്കാതെ വന്നതോടെ നിക്ഷേപകര്‍ സമരമുഖത്താണ്. ചെറിയ തുക മുതല്‍ 25 ലക്ഷം രൂപ വരെ ഇവിടെ പലരും നിക്ഷേപിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും പണം തിരിച്ചു നല്‍കുന്നില്ല എന്നാണ് ആരോപണം.വിവാഹാവശ്യം മുന്‍നിര്‍ത്തിയാണ് പത്തുലക്ഷം രൂപ നിക്ഷേപിച്ചിരുന്നതെന്ന് ജെയിംസ് എന്ന നിക്ഷേപകന്‍ പ്രതികരിച്ചു.
ഇക്കാര്യം ബാങ്കിന് അറിയാമായിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍, ജനുവരി അഞ്ചാം തീയതി വന്നാല്‍ നല്‍കാമെന്നും ഒരു മാസത്തെ നോട്ടീസ് മതിയെന്നും പറഞ്ഞു. എന്നാല്‍ ജനുവരി ഏഴിന് ചെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ പണം ഇല്ലെന്നും പറഞ്ഞ് അവര്‍ കൈമലര്‍ത്തിയെന്നും നിക്ഷേപകൻ പറഞ്ഞു.