ക്വാണ്ടം ഡോട്ടുകളെക്കുറിച്ചുള്ള പഠനത്തിന് അംഗീകാരം; രസതന്ത്രത്തിനുള്ള നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്
ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാനോ ടെക്‌നോളജിയിലെ പഠനത്തിന് മൂന്ന് ശാസ്ത്രജ്ഞര്‍ പുരസ്‌കാരം പങ്കിട്ടു. നാനോ ടെക്‌നോളജിയിലെ സുപ്രധാന കണികകളായ ക്വാണ്ടം ഡോട്‌സിന്റെ കണ്ടെത്തലാണ് നൊബേലിന് അര്‍ഹരാക്കിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് ഇ ബ്രസ്, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൗഗി ജി ബാവെന്റി, ന്യൂയോര്‍ക്ക് ആസ്ഥാനമായ നാനോ ക്രിസ്റ്റല്‍സ് ടെക്‌നോളജി എന്ന കമ്പനിയിലെ അലക്‌സി ഐ എകിമോവ് എന്നിവര്‍ക്കാണ് 2023ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. പുരസ്‌ക്കാരത്തുകയായ എട്ടേകാല്‍ കോടി രൂപ മൂവരും തുല്യമായി പങ്കിടും.
ഒപ്റ്റിക്കല്‍, ഇലക്ട്രോണിക് ഗുണങ്ങളുള്ളതും ഏതാനും നാനോമീറ്റര്‍ മാത്രം വലുപ്പമുള്ളതുമായ ചെറിയ അര്‍ദ്ധചാലക കണങ്ങളാണ് ക്വാണ്ടം ഡോട്ടുകള്‍. ക്വാണ്ടം ഡോട്ടുകളെ കൃത്രിമ ആറ്റങ്ങള്‍ എന്നും വിളിക്കാറുണ്ട്. 1981 ല്‍ അലക്‌സി എകിമോവാണ് ഈ കണികകളെ ആദ്യമായി വേര്‍തിരിച്ചത്. ആന്തരിക ഘടന അനുസരിച്ച് വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള നിറങ്ങള്‍ പുറപ്പെടുവിക്കാന്‍ ശേഷിയുള്ളവയാണ് ക്വാണ്ടം ഡോട്ടുകള്‍.
കാന്‍സര്‍ സെല്ലുകളുടെ ആന്തരികഘടന കണ്ടെത്തുന്നത് മുതല്‍ സോളാര്‍ സെല്ലുകളില്‍ വരെ ഉപയോഗമുള്ള കണികകളാണ് ക്വാണ്ടം ഡോട്ടുകള്‍. സിംഗിള്‍-ഇലക്ട്രോണ്‍ ട്രാന്‍സിസ്റ്ററുകള്‍, സോളാര്‍ സെല്ലുകള്‍, എല്‍ ഇ ഡികള്‍, ലേസറുകള്‍, സിംഗിള്‍-ഫോട്ടോണ്‍ സ്രോതസ്സുകള്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മെഡിക്കല്‍ ഇമേജിംഗ് എന്നിവയില്‍ ക്വാണ്ടം ഡോട്ടുകള്‍ക്ക് വലിയ സാധ്യതകളുണ്ട്. അതേസമയം പുരസ്‌കാര പ്രഖ്യാപനത്തിനു മുന്‍പ് ബുധനാഴ്ച രാവിലെ തന്നെ വിജയികളുടെ പേരുകള്‍ ചോര്‍ന്നത് ചര്‍ച്ചകള്‍ക്ക് ഇടയാക്കി.