കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകൾക്കും അവധി
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചേർത്തല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയുണ്ട്.
തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴ കാരണമാണ് നെയ്യാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. നെയ്യാറ്റിന്‍കര, പാലക്കടവ് പാലത്തില്‍ വെള്ളംമുട്ടി ഒഴുകുകയാണ്. അമരവിള,കണ്ണംകുഴി തോട് നിറഞ്ഞു. കൃഷിയിടങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലായി 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഇന്ന് വരെ പെയ്ത മഴയില്‍ നെടുമങ്ങാട് താലൂക്കിലെ 11 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ചിറയിന്‍കീഴ്,വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നാല് വീതം വീടുകള്‍ക്കും ഭാഗികമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്കിലെ മാമം അംഗന്‍വാടിയില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് താമസിക്കുന്നത്. മഴക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.