ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സന്നാഹ മത്സരം ഇന്ന്; കോഹ്ലി കളിച്ചേക്കില്ല
ഐസിസി ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിലാണ് മത്സരം നടക്കുന്നത്. വിരാട് കോഹ്ലി പരിശീലന മത്സരത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ട് വരെ കോഹ്ലി ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ ഇന്ത്യ പരിശീലനത്തില്‍ ഇറങ്ങിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഹുമ്മദ് ഷമി, ശ്രയസ് അയ്യര്‍ എന്നിവര്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ആദ്യ പരിശീലന മത്സരം ഗുവാഹത്തിയില്‍ സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാല്‍ മഴകാരണം ഉപേക്ഷിച്ചിരുന്നു.
ടീമിലെ ഹാര്‍ദിക് പാണ്ഡ്യ ഒഴികെ മറ്റുള്ളവരെല്ലാം ഏറെനേരം പരിശീലനത്തിലേര്‍പ്പെട്ടു. ഹാര്‍ദിക് ഇടയ്ക്കു വെച്ച് ഹോട്ടലിലേക്കു മടങ്ങി. അതേസമയം തിരുവനന്തപുരത്ത് മലയോര മേഖലകളില്‍ മഴതുടരുന്നുണ്ട്. തിരുവന്തപുരത്ത് കനത്ത മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഞ്ചാം ലോകകപ്പിലാണ് ഇത്തവണ നെതര്‍ലാന്‍ഡ്സ് കളിക്കുന്നത്. യോഗ്യതാ മത്സരത്തില്‍ ശ്രീലങ്കയ്ക്കു പിന്നില്‍ രണ്ടാമതെത്തിയാണ് അവര്‍ ഇത്തവണ ഫൈനല്റൗണ്ടിനു യോഗ്യത നേടിയത്. ഏകദിനത്തില്‍ ഇതുവരെ നെതര്‍ലാന്‍ഡ്സ് ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ല.