Sunday, November 17, 2024
National

പഞ്ചാബിലെ കോണ്‍ഗ്രസ്-എഎപി തര്‍ക്കം; ഇന്ത്യ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കെജ്രിവാള്‍; കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസിന് അതൃപ്തി

Spread the love

ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തര്‍ക്കത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിന് അതൃപ്തി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ആം ആദ്മിയുടെ ശ്രമങ്ങള്‍ എന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്തതോടെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസ്-എഎപി തര്‍ക്കം അതിരൂക്ഷമായത്. ഈ സംഭവത്തിന് ശേഷം എഎപിയുമായുള്ള ഒരു മുന്നണിയിലും പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവിക്കുകയായിരുന്നു.

ഇന്ത്യ മുന്നണിയോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിലാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ അതൃപ്തി പരസ്യമായിരിക്കുന്നത്. 2015ലെ മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈറ അറസ്റ്റിലായതിനെത്തുടര്‍ന്ന് പഞ്ചാബിലെ എഎപി- കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായിരുന്നു. സംസ്ഥാനത്തെ എഎപി സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യാഗ്യം തീര്‍ക്കുകയാണെന്ന് ഉള്‍പ്പെടെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എയുടെ അറസ്റ്റും ഇന്ത്യ മുന്നണിയിലെ തങ്ങളുടെ പ്രാതിനിധ്യവും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന നിലപാടാണ് നിലവില്‍ ആം ആദ്മി പാര്‍ട്ടിയ്ക്കുള്ളത്. കോണ്‍ഗ്രസ് എംഎല്‍എയുടെ അറസ്റ്റില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാനാണ് പഞ്ചാബിലെ എഎപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരവിന്ദ് കെജ്രിവാള്‍ വിശദീകരിച്ചിരുന്നു