ഏഷ്യന്‍ ഗെയിംസ്: പാകിസ്ഥാനെ തൂത്തെറിഞ്ഞ് ഇന്ത്യ! ചരിത്രത്തിലെ ഏറ്റവും വലിയ ജയം; സ്‌ക്വാഷിലും പാക് പട വീണു
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. രണ്ടിനെതിരെ 10 ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഹര്‍മന്‍പ്രീത് സിംഗ് നാല് ഗോള്‍ നേടി. വരുണ്‍ കുമാറിന് രണ്ട് ഗോളുണ്ട്. മന്‍ദീപ് സി്ംഗ്, സുമിത്, ഷംസേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്. മുഹമ്മദ് ഖാന്‍, അബ്ദുള്‍ റാണ എന്നിവരുടെ വകയായിരുന്നു പാകിസ്ഥാന്റെ ഗോളുകള്‍. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ 2-0ത്തിന് മുന്നിലെത്തി. രണ്ടാം പാതി 4 -0ത്തിനും മുന്നിലെത്തി. മൂന്നാം ക്വാര്‍ട്ടര്‍ അവാനിക്കുമ്പോള്‍ ഇന്ത്യ 7-1ന്റെ ലീഡ് നേടിയിരുന്നു. ശേഷിക്കുന്ന 15 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ വിജയം സ്വന്തമാക്കി.
നേരത്തെ, സ്‌ക്വാഷില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ പത്താം സ്വര്‍ണം സ്വന്തമാക്കിയിരുന്നു. സ്‌ക്വാഷ് പുരുഷ ടീമാണ് ആവേശകരമായ ഫൈനലില്‍ പാകിസ്ഥാനെ 2-1നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് തോറ്റ ശേഷം ശക്തമായി തിരിച്ചുവന്ന് സ്വര്‍ണം നേടുകയായിരുന്നു ഇന്ത്യ. സൗരവ് ഘോഷാല്‍, അഭയ് സിംഗ് ,മഹേഷ് എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം. ഇന്നത്തെ ആദ്യ സ്വര്‍ണം നേടിയത് ടെന്നിസ് മിക്‌സ്ഡ് ടീം ഇനത്തിലായിരുന്നു. രോഹന്‍ ബൊപ്പണ്ണ – റുതുജ ഭോസ്‌ലെ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ തോല്‍പിച്ചു. മെഡല്‍ നേട്ടത്തില്‍ അഭിമാനമെന്ന് രോഹന്‍ ബൊപ്പണ്ണ വ്യക്തകമാക്കി. ടെന്നിസില്‍ വലിയ കുതിപ്പാണ് ഇന്ത്യ സമീപകാലത്ത് ഉണ്ടാക്കിയതെന്നും ബൊപ്പണ്ണ പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്. ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീം ഇനത്തില്‍ സരബ്‌ജോത്, ദിവ്യ സഖ്യം വെള്ളി നേടി. ഫൈനലില്‍ ഇന്ത്യന്‍ ടീം ചൈനയോട് തോറ്റു. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന പത്തൊന്‍പതാമത്തെ മെഡലാണിത്. ഷൂട്ടിംഗ് മിക്‌സഡ് ടീം ഇനത്തിലെ വെള്ളിമെഡല്‍ നേട്ടം സരബ്‌ജോത് സിംഗിന് ഇരട്ടിമധുരമായി. പിറന്നാള്‍ ദിനത്തിലാണ് സരബ്‌ജോതിന്റെ മെഡല്‍ നേട്ടം. ഇന്ത്യന്‍ ഷൂട്ടിംഗ് താരങ്ങള്‍ സരബ്‌ജോതിന് ആശംസകള്‍ നേര്‍ന്നു.