കേരളത്തിൽ ആരാധനാലയങ്ങളിൽ ഉയരുന്നത് സ്നേഹത്തിന്‍റെയും ഐക്യത്തിന്റെയും ശബ്ദം; പി എ മുഹമ്മദ് റിയാസ്
ആഴിമല ശിവക്ഷേത്ര തീർത്ഥാടന ടൂറിസവും അടിസ്ഥാന വികസന പദ്ധതിയും ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശ മേഖലയിൽ ബീച്ച് ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ആഴിമല ബീച്ചിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പിലാക്കും. ഇതോടെ ആഴിമല കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട വിഡിയോയും ഫേസ്ബുക്കിൽ പങ്കുവച്ചു.
കേരളത്തിൽ ആരാധനാലയങ്ങളിൽ നിന്നും ഉയരുന്നത് സ്നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും ശബ്ദമാണെന്ന് മന്ത്രി പറഞ്ഞു. കോവളത്തിന്റെ മുഖച്ഛായ മാറ്റാൻ ടൂറിസം വകുപ്പ് 96 കോടി രൂപ ചെലവഴിക്കുന്ന മാസ്റ്റർ പദ്ധതിയിൽ ആഴിമലയ്ക്കടുത്തുള്ള അടിമലത്തുറ ബീച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാട്ടർ സ്പോർട്സ്, സാഹസിക വിനോദ സഞ്ചാര സാധ്യതകൾ എന്നിവയുടെ സാധ്യതാ പഠനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. എം വിൻസന്റ് എംഎൽഎ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ റാണി, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, ബ്ലോക്ക് മെമ്പർ അജിതകുമാരി, വാർഡ് മെമ്പർ എസ്.ദീപു, സിപിഎം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ എന്നിവർ പങ്കെടുത്തു.