National

പഞ്ചാബില്‍ നിന്ന് ലഭിച്ച 282 അസ്ഥികൂടങ്ങള്‍ 1857ല്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടേത്; സ്ഥിരീകരിച്ച് നരവംശശാസ്ത്രജ്ഞര്‍

Spread the love

പഞ്ചാബിലെ അമൃത്സറില്‍ നടത്തിയ ഖനനത്തിലൂടെ കണ്ടെടുത്ത 282 അസ്ഥികൂടങ്ങള്‍ ഇന്ത്യന്‍ സൈനികരുടേത് തന്നെയെന്ന് സ്ഥിരീകരണം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണ് ഖനനത്തില്‍ ലഭിച്ചതെന്ന് നരവംശ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. 

പന്നിയുടേയും പോത്തിന്റേയും മൃഗക്കൊഴുപ്പാണ് കാട്രിഡ്ജുകളില്‍ ഉപയോഗിക്കുന്നതെന്ന് ഉയര്‍ത്തിക്കാട്ടി വിപ്ലവമുയര്‍ത്തിയ സൈനികരുടെ അസ്ഥികൂടങ്ങളാണ് ഇവയെന്നാണ് ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരും സ്ഥിരീകരിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെയായിരുന്നു സമരം. എന്നാല്‍ ഇവരുടെ സമരത്തെ ശിപായി ലഹളയെന്ന് വിശേഷിപ്പിച്ച് പരിഹസിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തിരുന്നത്.

നാണയങ്ങളും മെഡലുകളും ഡിഎന്‍എ സാമ്പിളുകളും വിശദമായി പരിശോധിച്ചാണ് നരവംശശാസ്ത്രജ്ഞര്‍ സ്ഥിരീകരണം നടത്തിയത്. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ്, ഡിഎന്‍എ പഠനം മുതലായവ നടത്തിയിരുന്നു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയലെ ആന്ത്രോപോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസി. പ്രൊ. ഡോക്ടര്‍ ജെ.എസ് സെഹ്‌റാവത്ത് ആണ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടത്. പഞ്ചാബിലെ അജ്‌നാലയിലെ ഒരു കിണറ്റില്‍ നിന്നാണ് 2014ല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നത്.