പോത്തന്‍കോട് കൊലപാതകം; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു
ക്വട്ടേഷന്‍ സംഘം യുവാവിനെ കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത് ആഘോഷയാത്ര നടത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി വി.എസ്.വിനീത് കുമാറിനെ നിയമിച്ചു. കോളിളക്കം സൃഷ്ടിച്ച വര്‍ക്കല സലീം കൊലക്കേസ്, ഹരിഹരവര്‍മ കൊലക്കേസ്, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്, കോളിയൂര്‍ കൊലക്കേസ് എന്നീ കേസുകളിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു വിനീത്കുമാര്‍.
ഡിസംബര്‍ 11ന് ഉച്ചയ്ക്ക് രണ്ടിനാണ് പോത്തന്‍കോട് മേലേതോന്നയ്ക്കല്‍ കൊയ്തൂര്‍ക്കോണം കുറ്റിയത്തുവീട്ടില്‍ സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്. സുധീഷ്, ശ്യാം, ഒട്ടകം രാജേഷ്, നിധീഷ്, നന്ദിഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു, പ്രദീപ്, സച്ചിന്‍ എന്നിവരാണ് പ്രതികള്‍. ആയുധങ്ങളുമായി അഞ്ച് പ്രതികള്‍ രണ്ട് ബൈക്കുകളിലും മറ്റുള്ളവര്‍ പ്രതി രഞ്ജിത്തിന്റെ ഓട്ടോയിലുമെത്തിയാണ് കൊല നടത്തിയത്. ഇതിനുശേഷം ഒട്ടകം രാജേഷും ശ്യാമും ഉണ്ണിയും ചേര്‍ന്ന് സുധീഷിന്റെ ഇടതുകാല്‍ മുട്ടിന് താഴെവച്ച് വെട്ടിയെടുത്ത് ബൈക്കില്‍ ആഘോഷയാത്ര നടത്തുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്കകം എല്ലാ പ്രതികളെയും പിടികൂടാന്‍ പൊലീസിനായി.
റൂറല്‍ എസ്പി ഡോ.ദിവ്യ ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി എം.കെ.സുല്‍ഫിക്കര്‍ ആണ് അന്വേഷണം നടത്തിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.