കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണം, മറ്റു ന്യായമൊന്നും പറയണ്ട; എഐടിയുസി
കെഎസ്ആർടിസി ജീവനക്കാർ പണിയെടുത്താൽ കൂലി കൊടുക്കണമെന്നും മറ്റു ന്യായമൊന്നും പറയേണ്ടതില്ലെന്നും എഐടിയുസി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. തൊഴിലാളികൾ പണിയെടുത്ത് ഏപ്രിൽ മാസം അടച്ച 172 കോടി രൂപ എവിടെപ്പോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയണം. പണി എടുത്താൽ കൂലി വാങ്ങാൻ തൊഴിലാളികൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിക്ക് ജനങ്ങളെ പറ്റിക്കാമെന്നും തൊഴിലാളികളെ പറ്റിക്കാൻ കഴിയില്ലെന്നും കെഎസ്ടിഇയു വർക്കിംഗ് പ്രസിഡന്റ് എം. ശിവകുമാർ പറഞ്ഞു. തൊഴിലാളികൾ പണിമുടക്കിയപ്പോൾ 3 ദിവസത്തെ വരുമാന നഷ്ടം ഉണ്ടായെന്ന് പ്രചരിപ്പിച്ച മന്ത്രി മേയ് മാസത്തെ കളക്ഷനും ഓടിയ കിലോമീറ്ററും എത്രയാണെന്ന് വ്യക്തമാക്കണം. ഈ മാസത്തെ കെഎസ്ആർടിസി വരുമാനത്തിന്റെ കണക്ക് ഉൾപ്പടെ നിരത്തിയാണ് എം. ശിവകുമാർ മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
മന്ത്രിക്ക് പറഞ്ഞ വാക്കുപാലിക്കാൻ കഴിയില്ലെങ്കിൽ ഈ പണി മതിയാക്കുന്നതാണ് നല്ലത്. ഇടത് പക്ഷ ജനാധിപത്യ മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആർജ്ജവമെങ്കിലും കാണിക്കാൻ മന്ത്രിക്ക് കഴിയണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന് ഓർക്കുന്നത് നല്ലതാണെന്നും കെഎസ്ടിഇയു പറഞ്ഞു.