Sports

ലഖ്‌നൗ ഒന്നാമത്, കൊൽക്കത്തയെ 75 റൺസിന് തോൽപ്പിച്ചു

Spread the love

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 75 റൺസിന്റെ തകർപ്പൻ ജയം. ലഖ്‌നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലഖ്‌നൗവിനായി അവേഷ് ഖാൻ, ജേസൺ ഹോൾഡർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

19 പന്തില്‍ നിന്ന് അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 45 റണ്‍സെടുത്ത ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. റസ്സിലനെ കൂടാതെ 22 റണ്‍സെടുത്ത സുനില്‍ നരെയ്‌നും, 14 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ബാബ ഇന്ദ്രജിത്ത് (0), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6), നിതീഷ് റാണ (2), റിങ്കു സിങ് (6) എന്നിവരെല്ലാം നിരാശപ്പെടുത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക്, ദീപക് ഹൂഡ എന്നിവരാണ് ലഖ്‌നൗവിനായി മികച്ച പ്രകടനം പുറത്തെടുത്തത്. അതേസമയം ഐപിഎല്ലിലെ മോശം റെക്കോര്‍ഡുകളുടെ പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശിവം മാവിയും ഇടംനേടി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയതോടെയാണ് മാവിക്ക് അനാവശ്യ റെക്കോര്‍ഡ് വന്നെത്തിയത്. 19ാം ഓവറിലാണ് മാവി അഞ്ച് സിക്സുകളാണ് വഴങ്ങിയത്. ആദ്യ മൂന്നോവറിലും നന്നായി പന്തെറിഞ്ഞ മാവി അവസാന ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തു. നാല് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നേടിയ മാവി 50 റണ്‍സാണ് വിട്ടുനല്‍കിയത്.