”ഒരു മനുഷ്യൻറെ ആത്മാഭിമാനത്തേക്കാൾ വലുതല്ല പാർട്ടി നടപടി”; കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ. നിങ്ങൾ പോയാലും ഒന്നുമില്ല എന്ന രീതിയിൽ അപമാനിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചടക്കം പാലിക്കണമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് സന്ദീപ് വാര്യർ. നടപടി എടുക്കേണ്ടത് തന്നെ അപമാനിച്ചവർക്കെതിരെയാണ്. ഒരു മനുഷ്യൻറെ ആത്മാഭിമാനത്തേക്കാൾ വലുതല്ല പാർട്ടി നടപടിഎന്നും അദ്ദേഹം പറഞ്ഞു.
”ഫോൺ ചെയ്തു ഉത്തരവിട്ടാൽ അതേപോലെ അനുസരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താൻ ഉള്ളത്. ഫോൺ ചെയ്തു കൊണ്ടല്ല പ്രശ്നം അവസാനിപ്പിക്കേണ്ടത്.ഒരാൾ പോയാൽ ഒന്നും സംഭവിക്കാൻ ഇല്ലെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്.ഈ നിലപാട് എങ്ങനെ സ്വീകരിക്കാൻ സാധിക്കുന്നുവെന്ന് അറിയില്ല. പ്രകാശ് ജാവ്ദേക്കർ താനുമായി സംസാരിച്ചിട്ടില്ലെന്നും ആർഎസ്എസിന് മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നു. നിലവിൽ ബിജെപിക്ക് ആർഎസ്എസിന്റെ സംഘടനാ സെക്രട്ടറി ഇല്ല. ഇതിൽ അവർ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്ന് തനിക്കറിയില്ല” സന്ദീപ് വാര്യർ വ്യക്തമാക്കി.
അതേസമയം, പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ അതിൻറെ ഉത്തരവാദിത്വം തൻറെ തലയിൽവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് പാലക്കാട് പ്രചാരണത്തിന് എത്തിയതതെന്നും സിപിഎമ്മുമായുള്ള മുൻധാരണ പ്രകാരമാണ് വിഷയം ഉന്നയിക്കുന്നത് എന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.