KeralaTop News

‘ഒഴുക്കിനെതിരെ നീന്തിയ കലാകാരി’ നെയ്യാറ്റിൻകര കോമളം അന്തരിച്ചു

Spread the love

മലയാള സിനിമാ നടി നെയ്യാറ്റിൻകര കോമളം (93) വിടവാങ്ങി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പാറശ്ശാല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പ്രേംനസീറിന്റെ ആദ്യ ചിത്രമായ ‘മരുമകളിൽ’ അഭിനയിച്ചതോടെയാണ് കോമളം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

1950ൽ പുറത്തിറങ്ങിയ വനമാല എന്ന സിനിമയിലഭിനയിച്ചു കൊണ്ടാണ് കോമളം വെള്ളിത്തിരയിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് ചിത്രമായ ന്യൂസ്പേപ്പർ ബോയിലെ നായിക, മലയാളത്തിന്റെ നിത്യഹരിതനായകനായിരുന്ന പ്രേം നസീറിന്റെ ആദ്യനായിക, ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് കോമളത്തിന്.

മലയാളത്തിന്റെ ആദ്യ നായികയായ റോസിയെ കല്ലെറിഞ്ഞു നാടുകടത്തിയ സമൂഹത്തിൽ നിന്ന് ഒരു പെൺകുട്ടി സിനിമ രംഗത്തേക്ക് എത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു . അപ്രതീക്ഷിതമായാണ് കോമളത്തെ തേടി വനമാല എന്ന ചിത്രത്തിലെ നായിക വേഷം എത്തുന്നത്. അവിടെ നിന്നായിരുന്നു നെയ്യാറ്റിന്‍കര കോമളമെന്ന നായികയുടെ ഉദയം. എന്നാൽ കോമളത്തിന് ആ ഭാഗ്യം അധിക കാലം ഉണ്ടായില്ല. ന്യൂസ്‌പേപ്പർ ബോയിലെ അഭിനയത്തോടു കൂടി അവരുടെ സിനിമ ജീവിതത്തിന് തിരശ്ശീല വീഴുകയായിരുന്നു.

കുടുംബത്തിനുള്ളിൽ പോലും അവരെ പ്രോത്സാഹിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.ഭക്തകുചേല എന്ന സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം കൊണ്ട് അതും വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു കോമളത്തിന്. ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കാഞ്ഞതിന്റെ ദുഃഖം അവരുടെ അവസാനം നാളുകൾ വരെ ഉണ്ടായിരുന്നു. പിന്നീട് കോമളത്തെ തേടി അവസരങ്ങൾ വന്നെങ്കിലും അതെല്ലാം വേണ്ടെന്ന് വെച്ച് അവർ വീട്ടിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു.

സിനിമ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും കോമളത്തിന് തിരിച്ചടികൾ ഉണ്ടായി . 35-ാം വയസ്സിൽ വിവാഹം കഴിച്ച കോമളത്തിന്റെ ദാമ്പത്യ ജീവിതം നീണ്ടു നിന്നത് വെറും 9 വർഷം മാത്രമായിരുന്നു. ന്യൂസ്‌പേപ്പർ ബോയുടെ 55-ാം വാർഷികത്തിന് ഒത്തുകൂടിയപ്പോൾ പോലും കോമളം വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടിരുന്നില്ല. വലിയ താരമായി വളരേണ്ടിയിരുന്ന ആ അതുല്യ പ്രതിഭ പാതി വഴിയിൽ തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ചത് കൊണ്ടാകാം അവരെ അന്ന് ആരും ഓർക്കാതെ പോയത് . സമൂഹവും,കുടുംബവും വിധിയുമെല്ലാം കോമളത്തെ തകർത്തപ്പോൾ നഷ്ടമായത് മലയാള സിനിമയ്ക്ക് നല്ല ഒരു നായികയെ കൂടിയാണ്.