Kerala

പരിമിതികൾക്കുള്ളിൽ നിന്ന് സുരക്ഷിതമായ തീർഥാടനം സാധ്യമാക്കി: മന്ത്രി കെ. രാധാകൃഷ്ണൻ

Spread the love

മകരവിളക്ക് ദർശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു . നിലവിൽ രണ്ടര ലക്ഷത്തിലേറെ ഭക്തർ സന്നിധാനത്തുണ്ട്. ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി മന്ത്രി അറിയിച്ചു.

ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു.

എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങൾ പരത്താനുള്ള ശ്രമമുണ്ടായി. എന്നാൽ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്ത് നിന്ന് കേട്ട വാർത്തകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

ഭക്തിയോടെ മലകയറുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യർ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.