കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ; വിഷയത്തില്‍ തീരുമാനമായില്ല
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. വൈറല്‍ പെണ്‍കുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുള്ള കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. രഹസ്യ മൊഴി നല്‍കാനുള്ള നീക്കത്തിലാണ് പെണ്‍കുട്ടി.
പെണ്‍കുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. എന്നാല്‍, അവര്‍ക്ക് ഇതുവരെ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താനായില്ല. സഹായം അഭ്യര്‍ഥിച്ച് കൊച്ചി സിറ്റി പൊലീസിനെ മധ്യപ്രദേശ് പൊലീസ് സമീപിച്ചിരുന്നെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല. അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവാണ് കൊച്ചി സിറ്റി പൊലീസ് ഉയര്‍ത്തിക്കാട്ടുന്നത്.
മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ എത്തിയതോടെ പെണ്‍കുട്ടിയും ഫര്‍മാനും മറ്റൊരിടത്തേക്ക് മാറി. അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിക്കാനാണ് ഇരുവരുടെയും നീക്കം. ഇതിനു മുന്‍പായി മജിസ്‌ട്രേറ്റിന് മുമ്പില്‍ രഹസ്യ മൊഴി നല്‍കാനും ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശ് പൊലീസ് കേരളം വിട്ടു എന്ന് പെണ്‍കുട്ടിക്ക് സഹായമൊരുക്കുന്നവരെ അറിയിച്ചെങ്കിലും ഇതുവരെ വിശ്വാസത്തില്‍ എടുത്തിട്ടില്ല. മെയ് 20 വരെയാണ് പെണ്‍കുട്ടിയുടെയും ഫര്‍മാന്റെയും അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് നിലനില്‍ക്കുന്നത്.
