Wednesday, April 29, 2026
Latest:
NationalTop News

വിമാന അപകടത്തെ അതിജീവിച്ചത് ഒരേയൊരാള്‍; അത്ഭുത രക്ഷപ്പെടല്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ; ബ്രിട്ടീഷ് പൗരന്‍ ചികിത്സയില്‍

Spread the love

241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാന അപകടത്തില്‍ നിന്ന് ഒരു യാത്രക്കാരന്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. 40 വയസുകാരനായ വിശ്വാസ് കുമാര്‍ രമേശ് എന്നയാളാണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. സഹോദരന്‍ അജയ് കുമാര്‍ രമേശും വിശ്വാസിനൊപ്പം ഈ വിമാനത്തിലുണ്ടായിരുന്നു. വിശ്വാസ് ബ്രിട്ടീഷ് പൗരനാണ്.

മഹാദുരന്തത്തെ അതിജീവിച്ച് എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തിറങ്ങി നടന്നുവരുന്ന വിശ്വാസിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്. ‘ടേക്ക് ഓഫിന് 30 സെക്കന്റുകള്‍ക്ക് ശേഷം തന്നെ അപകടമുണ്ടായി. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. എന്റെ സഹോദരനും വിമാനത്തിലുണ്ടായിരുന്നു’. രക്ഷപ്പെടലിന് ശേഷം വിശ്വാസിന്റെ വാക്കുകള്‍ ഇങ്ങനെ. വിശ്വാസിന്റെ പരുക്കുകള്‍ സാരമല്ലെന്നാണ് വിവരം. 11 A സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്.

വിശ്വാസിന്റെ നെഞ്ചിലും കണ്ണിലും കാല്‍പാദത്തിലുമാണ് പരുക്കേറ്റത്. സഹോദരനൊപ്പം ലണ്ടനില്‍ നിന്ന് നാട്ടിലേക്ക് വന്നശേഷം മടങ്ങുകയായിരുന്നു വിശ്വാസ്. 20 വര്‍ഷത്തോളമായി വിശ്വാസ് ലണ്ടനിലാണ് താമസിച്ചുവരുന്നത്. അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വവുമുണ്ട്. വിശ്വാസിന്റെ ഭാര്യയും മക്കളും ലണ്ടനിലാണുള്ളത്.