KeralaTop News

കരുവാരകുണ്ടിൽ വീണ്ടും കടുവ; സ്ഥലത്ത് പരിശോധന

Spread the love

മലപ്പുറം കരുവാരക്കുണ്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ കടുവയെ കണ്ട കേരളാ എസ്റ്റേറ്റിൽ സൈലന്റ് വാലിയോട് ചേർന്ന പ്രദേശത്ത് തന്നെയാണ് വീണ്ടും കടുവയെ കണ്ടെത്തിയത്. ഡോ.അരുൺ സക്കറിയ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തേക്ക് പരിശോധനക്കായി പോയി.

വന്യമൃഗഭീതിയിലാണ് ഓരോ ദിവസം കഴിയുംതോറും നാട്. നാട്ടിലിറങ്ങിയ കാളികാവിലെ നരഭോജി കടുവയെ എട്ടു ദിവസമായിട്ടും പിടികൂടാൻ ആയിട്ടില്ല. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിന് മേൽഭാഗത്തായി സ്ഥാപിച്ച ക്യാമറയിൽ രാവിലെ ആറുമണിക്ക് കടുവയുടെ ദൃശ്യം പതിഞ്ഞു. മദാരിക്കുണ്ട്, എസ്റ്റേറ്റ് മേഖലകളിൽ വനം വകുപ്പ് വീണ്ടും തിരച്ചിൽ ആരംഭിച്ചു. 20 പേർ അടങ്ങുന്ന മൂന്നു സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. കടുവയ്ക്കായി കൂടും സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, വയനാട് പുൽപ്പള്ളി കബനിഗിരിയിൽ വീണ്ടുമിറങ്ങിയ പുലി ആടിനെ കൊന്നു. കബനിഗിരി സ്വദേശി ജോയിയുടെ കൂട്ടിൽ കെട്ടിയിട്ട ആടുകളെയാണ് പുലി അക്രമിച്ചത്. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
പുലിയെ പിടികൂടാൻ അടിയന്തരമായി കൂടി സ്ഥാപിക്കണമെന്നാണ് ആവശ്യം. മലപ്പുറം മണ്ണാർമലയിൽ നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. നിരവധി തവണ പുലിയെ കണ്ടിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ രാത്രി പ്രതിഷേധ മാർച്ച് നടത്തി.