KeralaTop News

എലപ്പുള്ളി മദ്യപ്ലാൻറ് അനുമതി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

Spread the love

പാലക്കാട് എലപ്പുള്ളി മദ്യപ്ലാന്റ് അനുമതിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ വന്നപ്പോൾ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ ജലപീരങ്കി പ്രയോഗിച്ചതിന് ശേഷവും പ്രവർത്തകർ വീണ്ടും പ്രതിഷേധം കടുപ്പിച്ച് മുന്നോട്ട് വരികയാണ് ഉണ്ടായത്.

ബാരിക്കേഡ് മറിച്ചിട്ട് മുന്നോട്ട് പോകാനുള്ള പ്രവർത്തകരുടെ ശ്രമവും പൊലീസ് തടഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെയും മന്ത്രി എം ബി രാജേഷിനെതിരെയും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

ബ്രൂവറി വിഷയം ഒയാസിസ് കമ്പനിക്കുവേണ്ടി തയ്യാറാക്കിയ കരാറാണെന്നും ഈ കരാറിൽ നിന്നും സർക്കാർ പിന്മാറണമെന്നും മന്ത്രി എം ബി രാജേഷ് മാറി നിന്ന് പ്രോസിക്ക്യുഷനെ നേരിടണം. കേരളം കണ്ട ഏറ്റവും വലിയ മദ്യ കുംഭകോണമാണിതെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

പാലക്കാട് തെരഞ്ഞെടുപ്പിൽ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിൻ്റെ പണമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവവറി കരാർ. സകല തട്ടിപ്പുകാരുടെയും കാവലാളാണ് മുഖ്യമന്ത്രി. മന്ത്രി എം.ബി രാജേഷ് അതിന്റെ ഏജന്റ്. തട്ടിപ്പുകാരെ മുട്ടിച്ചു കൊടുക്കുന്ന ഏജൻ്റാണ് രാജേഷ്. ഏത് കമ്പനിയുമായി വന്നാലും പാലക്കാട് പ്രവർത്തിക്കാൻ അനുവദിക്കില്ല. എം.ബി രാജേഷ് വാങ്ങിയ പണം കമ്പനിക്ക് തിരികെ കൊടുക്കുന്നതാണ് നല്ലത്. അഴിമതിക്ക് കൂട്ടുനിന്ന മന്ത്രിമാർക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനാകില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.