Tuesday, January 7, 2025
KeralaTop News

‘മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് നല്‍കാറില്ല; മുഖ്യമന്ത്രിപദത്തെ പറ്റി ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്’; എം കെ മുനീര്‍

Spread the love

മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നിശ്ചയിച്ച് നല്‍കാറില്ലെന്നും മുഖ്യമന്ത്രിപദത്തെ പറ്റി ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ലീഗ് നേതാവ് എം.കെ മുനീര്‍. മുന്നണി വിപുലീകരണത്തിന് നിലവില്‍ യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അത് നിര്‍വഹിക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു.

ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തില്‍ എത്തി എന്ന് പറയാന്‍ ആകില്ല. ജാമിഅഃ നൂരിയയുടെ പരിപാടിയില്‍ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല. അങ്ങനെ ഒരു കീഴ് വഴക്കം ലീഗിനില്ല. തെരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷമുണ്ട്. മുന്നണി വിപുലീകരണത്തിന് നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ് – എം.കെ മുനീര്‍ വിശദമാക്കി.

ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അത് നിര്‍വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരുമിച്ച് ചായ കുടിക്കാന്‍ ഇരുന്നാലും നിഗൂഢ ചര്‍ച്ചകള്‍ നടന്നു എന്ന് വാര്‍ത്തകള്‍ വരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഐഎം ആണെന്ന് മുനീര്‍ ആരോപിച്ചു. രാജ്യത്ത് ഉള്ളവര്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് ബാധിച്ചിട്ടില്ലെന്നും എല്‍ഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തില്‍ നിന്നു മായില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ചതും എല്‍ഡിഎഫാണ്. പിണറായി വിജയന്‍ വാലിന് തീ പിടിച്ച പോലെ ഓടുന്നു. പൊതു വിഷയങ്ങളില്‍ ജമാ അത്തെ ഇസ്ലാമി ബന്ധപ്പെട്ടിട്ടുണ്ട് എന്നതാണ് സാദിഖലി തങ്ങള്‍ പറഞ്ഞത് – എം.കെ മുനീര്‍ വിശദമാക്കി. മുസ്ലിം ലീഗ് – ജമാ അത്തെ ഇസ്ലാമി ബന്ധത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ സമസ്തയും കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിന് പിറകെ വന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അഭിമുഖം വീണ്ടും ചര്‍ച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്.