ഉപതെരഞ്ഞെടുപ്പ് തോൽവി മുഖ്യ ചർച്ചയാവും; ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രഭാരി പ്രകാശ് ജാവ്ദേക്കർ പങ്കെടുക്കുന്ന യോഗത്തിൽ സംഘടനാ തെരഞ്ഞെടുപ്പ്, മെമ്പർഷിപ്പ് ചേർക്കൽ, തെരഞ്ഞെടുപ്പ് അവലോകനം എന്നിവയാണ് അജണ്ട.
വയനാടും ചേലക്കരയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തിൽ പാലക്കാട് തോൽവി ആയിരിക്കും പ്രധാന ചർച്ച ആവുക. കെ സുരേന്ദ്രനും ഔദ്യോഗിക വിഭാഗത്തിനും എതിരെ ശക്തമായ ആക്രമണം നടത്താനാണ് എതിര്‍ ചേരിയുടെ നീക്കം. എന്നാൽ ശോഭാ സുരേന്ദ്രനും പാലക്കാട്ടെ വിമത കൗൺസിലർമാർക്കും തോൽവിയിൽ നിർണായക പങ്കുണ്ടെന്ന് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന പശ്ചാത്തലത്തിൽ പോര് കനക്കാനാണ് സാധ്യത.