‘എൽഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല, പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടിയില്ല’; കെ.ബി ഗണേഷ് കുമാർ
തോമസ് കെ തോമസ് എംഎല്‍എക്കെതിരായ കോഴ ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എൽഡിഎഫിൽ നടക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. എൽഡിഎഫിന്റെ എംഎൽഎമാരാരും അങ്ങനെ ചെയ്യുന്നവരല്ല എന്നും മന്ത്രി പറഞ്ഞു. എൽഡിഎഫിൽ പണം നൽകി സ്വാധീനിക്കാൻ സാധിക്കില്ല, എൽഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘എൽഡിഎഫ് ചർച്ച ചെയ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. കേരള കോൺഗ്രസ് ബി ക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. കൃത്യമായ തീയതിയിൽ അത് പാലിക്കപ്പെട്ടു. അതിന് ഒരു സ്വാധീനത്തിന്റെയും ആവശ്യമില്ല. പണം നൽകി എന്തും വാങ്ങാമെന്ന് കരുതുന്നവർക്ക് അങ്ങനെയൊക്കെ തോന്നും. കേരളത്തിലെ എൽഡിഎഫ് എംഎൽഎമാർ അത്തരത്തിലൊരു നാണംകെട്ട കാര്യം ചെയ്യില്ല. എൽഡിഎഫ് അങ്ങനെ ചെയ്യുന്ന ടീമല്ല.അങ്ങനെ കരുതുന്നവർക്കാണ് നാണക്കേടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു.
തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്.
എന്നാൽ അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു.
കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.