ADGP കള്ളപണം സമ്പാദിച്ചതിന് തെളിവുണ്ട്; സോളാർ കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചു’; പിവി അൻവർ
എഡിജിപി എംആർ അജിത് കുമാറിനെതിരെ ആരോപണം തുടർന്ന് പിവി അൻവർ എംഎൽഎ. എഡിജിപിയുടെ കള്ളപണം സമ്പാദിച്ചതിന് തെളിവുണ്ടെന്ന് പിവി അൻവർ പറഞ്ഞു. സോളാർ കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചെന്നും പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നും പിവി അൻവർ ആരോപിച്ചു. സോളാർ കേസ് അട്ടിമറിക്കാൻ കിട്ടിയ പണം ഉപയോഗിച്ച് എഡിജിപി ഫ്ലാറ്റ് വാങ്ങിയെന്നും അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
എഡിജിപി കവടിയാറിൽ ഫ്ലാറ്റ് വാങ്ങി. 2016 ഫെബ്രുവരി 19 ന് വാങ്ങിയെന്നും അതേ മാസം തന്നെ ഫ്ലാറ്റ് വിറ്റെന്നും പിവി അൻവർ പറയുന്നു. 33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് പത്ത് ദിവസത്തിന് ശേഷം 69 ലക്ഷത്തിന് വിറ്റു. ഫ്ലാറ്റ് വാങ്ങിയതിൽ ടാക്സ് വെട്ടിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിൽ ക്രമക്കേട് നടത്തി. നാല് ലക്ഷത്തോളം രൂപ ക്രമക്കേട് നടത്തിയെന്ന് അൻവർ ആരോപിച്ചു.
എഡിജിപി അധികാര ദുർവിനിയോഗം നടത്തിയെന്ന് പിവി അൻവർ പറയുന്നു. ഒന്നിൽ കൂടുതൽ വീട് വാങ്ങാൻ ഡിപ്പാർട്ട്മെൻ്റ് അനുമതി വേണമെന്നിരിക്കെയാണ് ഫ്ലാറ്റ് വാങ്ങിയത്. വിഷയം വിജിലൻസ് അന്വേഷിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ കൂടി വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഇന്ന് തന്നെ കത്ത് നൽകുമെന്ന് അൻവർ വ്യക്തമാക്കി. കാണാതായ മാമിടെ പക്കൽ എഡിജിപിയുടെ പണം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
പൂരം കലക്കിച്ചതാണെന്നും എഡിജിപി ഗൂഢാലോചന നടത്തിയെന്നും ഗുരുതര ആരോപണങ്ങളാണ് ഇന്നും അൻവർ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്ന് ഇന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടെന്ന് പിവി അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രി എന്തിന് പ്രതിരോധത്തിലാകണമെന്നും അങ്ങനെ ഒരു വിഷയം ഉദിക്കുന്നില്ലെന്നും അൻവർ പറഞ്ഞു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പി.ശശിയാണെന്നും പി.ശശി മുന്നണിയെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. പി.ശശിയ്ക്ക് വേറെ അജണ്ടയുണ്ടെന്നും അൻവർ വിമർശിച്ചു.