World

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ബോംബാക്രമണം, കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെട്ടു

Spread the love

ഗസ്സയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്കൂളിന് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക പലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ആക്രമണം അൽ സഹാബ മേഖലയിലെ അൽ തബയിൻ സ്കൂളിന് നേരെയാണ്. സ്കൂൾ ഹമാസിന്റെ ആസ്ഥാനമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഹമാസ് കമാൻഡ് സെൻ്ററിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

മൂന്ന് റോക്കറ്റുകളാണ് സ്കൂളിന് മുകളില്‍ പതിച്ചത്. വ്യാഴാഴ്ച ഗസ്സയിലെ രണ്ട് സ്‌കൂളുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.

അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിർവഹിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി” ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

സ്കൂളിന് നേരെയുള്ള ആക്രമണം പരിസരത്ത് വൻ തീപിടിത്തത്തിന് കാരണമായി. കുടുങ്ങിക്കിടക്കുന്ന പലസ്തീനികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ച് ഏജന്‍സി ആക്രമണത്തിനിടെ ചില മൃതദേഹങ്ങള്‍ക്ക് തീപിടിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.