‘വാക്കുതർക്കവും ഭീഷണിയും പതിവ്; ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കും’: KSEB
കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ പ്രതികരണവുമായി കെഎസ്ഇബി. ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ ഇന്നുതന്നെ പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി. ഇതിനായി ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയെന്നും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി.
ആക്രമിച്ച ആളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകൾ ഉണ്ട്. ഇതിൽ പത്തും കൊമേഴ്സ്യൽ കണക്ഷനുകളാണെന്ന് കെഎസ്ഇബി പറയുന്നു. ബില്ലടയ്ക്കാതെ കണക്ഷൻ വിച്ഛേദിക്കാൻ എത്തുമ്പോൾ വാക്ക് തർക്കവും ഭീഷണിയും പതിവാണെന്ന് കെഎസ്ഇബി പ്രസ്താവനയിവൽ പറയുന്നു. ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെയർമാൻ വ്യക്തമാക്കി. കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവൻ ഈടാക്കുകയും ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു.
യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെ എസ് ഇ ബി വിഛേദിച്ചത്. കെ.എസ്.ഇ ബി . സി എം ഡി യുടെ നിർദ്ദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ. അജ്മലിന്റെ വീട്ടിലുള്ള ബിൽ ഓൺലൈനായി അടച്ചങ്കിലും കണക്ഷൻ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായത്.