Monday, November 18, 2024
Latest:
Kerala

‘എന്റെ കാറിൽ ഏത് പ്രവർത്തകനും കയറാം’; പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ തന്റെ വാഹനത്തിലായിരുന്നുവെന്ന് സമ്മതിച്ച് രാഹുൽ

Spread the love

വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ തന്റെ വാഹനത്തിലായിരുന്നുവെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ വാഹനത്തിൽ എല്ലാ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും യാത്ര ചെയ്യാം. തന്റെ കാറിൽ യാത്ര ചെയ്യുമ്പോൾ അവരുടെ പേരിൽ കേസില്ലെന്നും കുറ്റവാളികളാണെന്ന് തെളിഞ്ഞാൽ തള്ളിപ്പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.

അന്വേഷണം തന്നിലേക്കെത്തിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നു. വി.കെ സനോജിന്റെ രാഷ്ട്രീയ ഗുരു കെ. സുരേന്ദ്രനാണ്. ഒരേ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങളാണ് രണ്ട് പേരും പറയുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ
അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർനടപടിയെന്നും പൊലീസ് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അതൃപ്തരായ യൂത്ത് കോൺഗ്രസുകാര്‍ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളുമായി എത്തിയതോടെ പൊലീസിന് പണി എളുപ്പമായി. നിലവിൽ പത്ത് പരാതികൾ പൊലീസിന് ലഭിച്ചുകഴിഞ്ഞു. നേരത്തെ പുറത്ത് വന്നിതിന് പുറമെ കൂടുതൽ ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന കാര്യം എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.